Home News Updates മഞ്ഞപ്പടയ്‌ക്ക് ഇനി വനിതാ ടീമും; പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

മഞ്ഞപ്പടയ്‌ക്ക് ഇനി വനിതാ ടീമും; പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

by Athira

കൊച്ചി: ഐഎസ്എല്ലില്‍ കേരളത്തിന്‍റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും. ഫുട്ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കെബിഎഫ്‌സി വനിതാ സീനിയര്‍ ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാഷ്‌ട്രീയ-സാമൂഹിക-കായിക രംഗത്ത് കേരളത്തിലെ വനിതാ മുന്നേറ്റത്തിന്‍റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്.  വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍ ക്ലബ് നടത്തും. ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്ബോള്‍ ക്ലബുമായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാ ടീമുണ്ട്. നേരത്തെ മറ്റൊരു ഐഎസ്എൽ ക്ലബായ ഒഡീഷ എഫ്സിയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു.

വനിതാ ടീം പ്രഖ്യാപനത്തിൻ്റെ ആദ്യ പടിയായി ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മാസം ടീം ഡയറക്ടറെ പ്രഖ്യാപിച്ചിരുന്നു. ഒഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റു എന്ന് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഗോകുലം കേരള ഫസ്റ്റ് ടീമിൻ്റെ മുൻ മാനേജർ കൂടിയാണ് റജാഹ് റിസ്‌വാൻ. അതേസമയം, ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന് മുന്നോടിയായുള്ള പ്രീസീസണിനായി കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പറക്കും. ഓ​ഗസ്റ്റ് ഒന്നിന് കൊച്ചിയിൽ പ്രീസീസൺ ആരംഭിക്കും.

ഓഗസ്റ്റ് 17 മുതലാണ് യുഎഇയിലെ ബ്ലാസ്റ്റേഴ്സിൻ്റെ പ്രീ സീസൺ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീ സീസണു വേണ്ടി ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക് പറക്കുന്നത്. ഓഗസ്റ്റ് 17 മുതൽ 29 വരെയാണ് യുഎഇയിലെ ബ്ലാസ്റ്റേഴ്സിൻ്റെ പ്രീ സീസൺ. മൂന്ന് പ്രൊഫഷണൽ ക്ലബുകളാണ് പ്രീസീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക. കഴിഞ്ഞ യുഎഇ പ്രോ ലീ​ഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അൽ നാസർ, കഴിഞ്ഞ തവണ രണ്ടാം ഡിവിഷൻ ജേതാക്കളായി ഈ സീസണിൽ പ്രോ ലീ​ഗിലെത്തിയ ദിബ്ബ അൽ ഫുജൈറ, രണ്ടാം ഡിവിഷനിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹട്ട എന്നീ ക്ലബുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. മത്സരങ്ങളെല്ലാം ടിക്കറ്റ് വച്ചാണ് നടത്തുക.

You may also like

Leave a Comment