Entertainment Featured International Kerala Life Style Local National Obituary TECHNOLOGY

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

രാജ്യത്ത് 24 മണിക്കൂറിൽ 29,616 കോവിഡ് രോഗികൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 29,616 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 290 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,46,658 ആയി. 28,046 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 3,28,76,319.

സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.


എറണാകുളം 2500
തിരുവനന്തപുരം 1961
തൃശൂർ 1801
കോഴക്കോട് 1590
കൊല്ലം 1303
മലപ്പുറം 1200
കോട്ടയം 1117
പാലക്കാട് 1081
ആലപ്പുഴ 949
കണ്ണൂർ 890
പത്തനംതിട്ട 849
വയനാട് 661
ഇടുക്കി 486
കാസർകോട് 283

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേർ രോഗമുക്തി നേടി.

കോവിഡ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി മരത്തിലിടിച്ചു

ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി പാതയോരത്തെ മരത്തിലിടിച്ച് രോഗി മരിച്ചു . കൊല്ലം തിരുല്ലവാരം ശ്രീവൈകുണ്‌ഠപുരം പൊന്നപ്പൻ പിള്ളയുടെ ഭാര്യ ഡോ.ഷീബ പി.പിള്ള (66) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഡോക്ടറായ മകനും ഭാര്യയ്ക്കും ആംബുലൻസ് ഡ്രൈവർക്കും പരുക്കേറ്റു. ദേശീയപാതയിൽ എരമല്ലൂർ ജംക്‌ഷനു തെക്കുവശം രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യുനമർദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അധ്യാപകർക്ക് സ്പെഷ്യൽ ഡ്രൈവ് വാക്‌സിനേഷൻ

അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ വാക്‌സിനേഷനിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും രണ്ട് ഡോസ് വാക്‌സിനും നൽകി കഴിഞ്ഞു. വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവർക്ക് സ്പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനം.

അഫ്ഗാനിസ്ഥാൻ ഭീകരതാവളമാകരുത്; പാക് ഇടപെടലിൽ ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും

അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും. അഫ്ഗാനിസ്ഥാൻ ഭീകരതാവളം ആകരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു.

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: എട്ട് വയസുകാരിയുടെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തി

പിങ്ക് പൊലീസിൻറെ പരസ്യ വിചാരണ നേരിട്ട തിരുവനന്തപുരത്തെ എട്ട് വയസുകാരിയുടെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തും. പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. സംഭവത്തിൽ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഐജി ഹർഷിദാ അട്ടല്ലൂരിയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയും ഈ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തത്.

ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ: മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബന്ധുക്കൾ

യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ. ചെറായി കുറ്റിപ്പിള്ളിശ്ശേരി ശരത്തിന്റെ ഭാര്യയും കൈതാരം കൊല്ലംമുറി വിജയന്റെ മകളുമായ ഗോപികയാണു (24) മരിച്ചത്. വീട്ടിൽ ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരനാണ് മൃതദേഹം കണ്ടത്. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഗോപികയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ ഫോർട്ട് കൊച്ചി ആർഡിഒ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി.

പ്രളയധനസഹായ വിതരണത്തിൽ വെട്ടിപ്പ്, അർഹർ പട്ടികയ്ക്ക് പുറത്ത്

കോഴിക്കോട്ടെ പ്രളയ ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ ജില്ലയിലെ പ്രളയബാധിതർ ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്. കോഴിക്കോട് താലൂക്കിൽ മാത്രം ആയിരത്തിലധികം പേർക്കാണ് അടിയന്തര സഹായം ലഭിക്കാനുള്ളത്. ഒരുകോടി പതിനേഴ് ലക്ഷം രൂപയാണ് വിതരണം ചെയ്യാതെ ട്രഷറി അക്കൗണ്ടിൽ കിടക്കുന്നതെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവച്ചു

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും മുൻ കെ പി സി സി അദ്ധ്യക്ഷൻ വി എം സുധീരൻ രാജിവച്ചു. രാജിക്കത്ത് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് കൈമാറി. പുനഃസംഘടനാ വിഷയത്തിൽ പ്രതിഷേധിച്ചാണു രാജിയെന്നാണ് സൂചന. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സുധീരൻ അറിയിച്ചു.

യുകെയുടെ നിർബന്ധം; ജനനതീയതി ഉൾപ്പെടുത്തിയ പുതിയ വാക്‌സിൻ സർട്ടിഫിക്കറ്റ് ഉടൻ

വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ട് വാക്‌സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്ച മുതൽ ഇത് ലഭ്യമായിത്തുടങ്ങും. വാക്‌സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ജനനതീയതി കൂടി ഉൾപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്.

അഡ്വ. പി.സതീദേവി വനിതാ കമ്മിഷൻ അധ്യക്ഷ

സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി അഡ്വ. പി.സതീദേവിയെ നിയമിച്ചു. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. 2004ൽ വടകര പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. പരാതിക്കാരിയോടു മോശമായി സംസാരിച്ചതിന്റെ പേരിൽ എം.സി.ജോസഫൈൻ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.

അസമിൽ പൊലീസ് വെടിവയ്പിൽ മരിച്ചവരിൽ 12 വയസ്സുകാരനും

അസമിലെ ദരാങ് ജില്ലയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പിൽ മരിച്ച രണ്ടു പേരിൽ ഒരാൾ 12 വയസ്സുകാരൻ. വീട്ടിൽനിന്ന് ആധാർ കാർഡ് വാങ്ങാൻ പോസ്റ്റ് ഓഫിസിൽ പോയി മടങ്ങിയ ഷാഖ് ഫരീദ് എന്ന കുട്ടിയാണ് വെടിയേറ്റു വീണത്. വീട്ടിൽനിന്ന് 2 കിലോമീറ്റർ അകലെവച്ചാണ് ഫരീദിനു വെടിയേറ്റത്.

വൈദ്യുതി കുറവ്: രാത്രിയുള്ള വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് രാത്രിയുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾ നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി. പുറത്തുനിന്നുള്ള വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവുള്ളതിനാലാണ് സ്വയം നിയന്ത്രണത്തിന് നിർദേശം നൽകിയിരിക്കുന്നത്. ലോഡ് ഷെഡ്ഡിങ്ങോ, പവർക്കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന് തടസമില്ലെന്നു കോവിഡ് അവലോകന യോഗം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

Related posts

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

Vinod

ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി: കൂടുതൽ വിവരങ്ങൾ പുറത്ത്

Vinod

നിയമസഭാ കയ്യാങ്കളി: വിധി സെപ്റ്റംബർ ഒമ്പതിന്

Vinod