Home kerala സ്ഥാനം ഒഴിഞ്ഞ് കോടിയേരി; എം വി ഗോവിന്ദന്‍ പുതിയ സെക്രട്ടറി

സ്ഥാനം ഒഴിഞ്ഞ് കോടിയേരി; എം വി ഗോവിന്ദന്‍ പുതിയ സെക്രട്ടറി

by Athira
m v govindan

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് പകരം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിയുമായ എം വി ഗോവിന്ദൻ ചുമതലയേൽക്കും. മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റിലാകും തീരുമാനിക്കുക. അനാരോഗ്യത്തെ തുടർന്നാണ് കോടിയേരി സ്ഥാനം ഒഴിഞ്ഞത്. കോടിയേരി ബാലകൃഷ്ണനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും മുഖ്യമന്ത്രിക്കൊപ്പം കോടിയേരിയെ ഫ്ലാറ്റിലെത്തി കണ്ടിരുന്നു.

ഇ.പി ജയരാജൻ്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. രാവിലെ ചേർന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ് ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണൻ്റെ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു.

അവധിയിൽ പോകാം എന്ന നിർദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കോടിയേരി. തുടർന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കോടിയേരിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതിനെ ചൊല്ലിയായിയരുന്നു പിന്നീട് ചർച്ച. പിബി അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ ബാലൻ, ഇ.പി ജയരാജൻ എന്നിവരുടെ പേരുകളായിരുന്നു പരിഗണനയിൽ. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കോടിയേരിയെ നേരിൽക്കണ്ട് തീരുമാനം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടിയേരി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നാളെ അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും.

You may also like

Leave a Comment