Home kerala കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം; മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു

കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം; മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു

by Athira
vsquaretv

കണ്ണൂർ: കണ്ണൂർ പുല്ലൂപ്പിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കല്ലുകെട്ടുചിറ സ്വദേശി കെ.പി സഹദിൻ്റെ(24) മൃതദേഹമാണ് കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഹദിൻ്റെ മൃതദേഹം കണ്ടെടുത്തത്. അത്താഴക്കുന്ന് സ്വദേശികളായ അശ്രഫിൻ്റെ മകന്‍ കൊളപ്പാലയിലെ റമീസ്(24), കെ.പി ഹൗസിൽ ഷമീറിൻ്റെ മകന്‍ അഷർ എന്ന അസറുദ്ദീൻ(24) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം.

ഗൾഫിൽ നിന്ന് അവധിക്ക് നാട്ടി​ലെത്തിയ അസറുദ്ദീനും ഉറ്റസുഹൃത്തുക്കളായ റമീസും സഹദും ഞായറാഴ്ച വൈകീട്ടാണ് സൗഹൃദം പങ്കുവെക്കാൻ പുല്ലൂപ്പിക്കടവ് കല്ലുകെട്ട് ചിറയിൽ മീൻപിടിച്ച് തോണിയാത്ര നടത്തിയത്. ഇതിനിടെ തോണി മറിയുകയായിരുന്നുവെന്ന് കരുതുന്നു. തുരുത്തി വള്ളുവംകടവ് ഭാഗത്തുനിന്ന് തോണിയിൽ മൂവരും ഒരുമിച്ച് നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഞായറാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. രാത്രി വൈകിയും ഇവരെ കാണാതായതോടെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ സഞ്ചരിച്ച തോണിമറിഞ്ഞതായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മീൻപിടിക്കാനെത്തിയവർ യുവാക്കളുടെ ഇരുചക്രവാഹനങ്ങളും ചെരിപ്പുകളും കണ്ടെത്തി. ഇവർ നടത്തിയ തിരച്ചിലിലാണ് റമീസിൻ്റെയും അസറുദ്ദീൻ്റെയും മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പ്, മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്നായി മൂന്ന് ഡിവിഷൻ ഫയർ ഫോഴ്സ് ജീവനക്കാരും നീന്തൽ വിദഗ്ധരുമെത്തിയാണ് തിരച്ചിൽ നടത്തിയത്. കൊച്ചിയിലെ നാവിക സംഘത്തിൻ്റെയും ആയിക്കരയിലെ മത്സ്യത്തൊഴിലാളികളുടെയും സഹായംതേടിയിരുന്നു.

 

You may also like

Leave a Comment