Home Entertainment മഹേഷ് ബാബുവിൻ്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചു

മഹേഷ് ബാബുവിൻ്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചു

by Athira
vsquaretv

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിൻ്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നഗരത്തിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലർച്ചെ നാലോ​ടെ മരിച്ചു.

അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ചിരഞ്ജീവി, ജൂനിയർ എൻടിആർ ഉൾപ്പടെ തെലുങ്ക് സിനിമയിലെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. 1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് അദ്ദേഹത്തിൻ്റെ ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി എന്നാണ് മുഴുവൻ പേര്. 1960കളിൽ അഭിനയ മേഖലയിലേക്ക് എത്തിയ അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിൻ്റെ വേഷത്തിലൂടെയാണ് പ്രശസ്തി നേടിയത്. തുടർന്ന് അദ്ദേഹം സൂപ്പർതാര പദവിയിലേക്കുമെത്തി.

തൻ്റെ അഭിനയ ജീവിതത്തിൽ 350ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംവിധായകനും നിർമാതാവും കൂടിയാണ്. 2009ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഈ വർഷം സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയും മഹേഷ് ബാബുവിൻ്റെ അമ്മയുമായ ഇന്ദിരാദേവി മരിച്ചത്. അദ്ദേഹത്തിൻ്റെ മൂത്തമകനും മഹേഷിൻ്റെ സഹോദരനുമായ രമേഷ് ബാബുവും ജനുവരിയിൽ മരിച്ചിരുന്നു.

You may also like

Leave a Comment