Home Entertainment ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു

ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു

by Athira
kottarakaramedia

വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഴാങ് ലൂക്ക് ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു. ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായിരുന്നു അദ്ദേഹം. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകൻ എന്നവയെല്ലാം ഗൊദാർ​ദുൻ്റെ പ്രവർത്തന മേഖലകളായിരുന്നു.

1960 ല്‍ പുറത്തിറങ്ങിയ ബ്രെത്ത്‍ലെസ് മുതല്‍ 2018ല്‍ പുറത്തിറങ്ങിയ ദി ഇമേജ് ബുക്ക് വരെയുള്ള അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി ഒരു ചലച്ചിത്ര വിദ്യാര്‍ഥിക്ക് ഒഴിവാക്കാനാവാത്തതാണ്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോകസിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ക്കും പ്രിയങ്കരനായ സംവിധായകനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഗൊദാര്‍ദിന് ആയിരുന്നു.

നേരിട്ടെത്തിയില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഡെലിഗേറ്റുകളോട് സംവദിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായ ഗൊദാർദിന് സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1950-ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടിയ അദ്ദേഹം തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളും സ്‌ത്രീലൈംഗികതയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

‘ബ്രെത്ത്‌ലെസ്’ ആദ്യ ചിത്രവും ‘എ വുമൺ ഈസ് എ വുമൺ’ (1969) ആദ്യ വർണചിത്രവുമാണ്. ‘ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ’ (1966) എന്ന ചിത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ദ സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന ഗൊദാർദ്, രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. എഴുപതുകളിൽ വിഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രരം​ഗത്തേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

You may also like

Leave a Comment