Kerala Obituary

കെ.ആർ ഗൗരി എന്ന ഗൗരിയമ്മ. അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ തളരാത്ത പെൺകരുത്ത്
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരീരത്തിൽ അണുബാധയും മൂത്രാശയസംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നതായി കഴിഞ്ഞദിവസം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൽ പറഞ്ഞിരുന്നു.

കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി…’ കെ.ആർ ഗൗരിയമ്മയെ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കിയ സമയത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് അവരെപ്പറ്റി എഴുതിയ വരികളാണിത്. ആരെയും കൂസാത്ത പ്രകൃതത്തിന് ഉടമയായ, കേരളത്തിലെ ആദ്യ മന്ത്രിസഭാ അംഗമായ ഗൗരിയമ്മയിൽ തുടങ്ങുന്നതാണ് കേരളത്തിന്റെ പെൺരാഷ്ട്രീയം. സമരഭൂമിയിൽ പടവെട്ടി, ഉറച്ച ചുവടുകളുമായി നിയമസഭയിലേക്ക് നടന്നു കയറിയ ഗൗരിയമ്മ അവസാന കാലംവരെയും അണയാത്ത അഗ്നിനക്ഷത്രമായി നിലകൊണ്ടു.

ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണ് ഗൗരിയമ്മ ജനിച്ചത്. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.

കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ ഗൗരിയമ്മയും വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക്് ഇറങ്ങിത്തിരിച്ചു. വിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു.

ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി.

യാദൃച്ഛികമായി രാഷ്ട്രീയത്തിലെത്തിയ കെ.ആർ. ഗൗരി പുന്നപ്ര-വയലാർ സമരനായകനായ ടി.വി. തോമസിനെ കാണുന്നത് സ്വന്തം വീട്ടുമുറ്റത്തുവെച്ചാണ്. വൈകാതെ പ്രണയം പൂവിട്ടു.1957-ൽ ഒന്നാം ഐക്യകേരള മന്ത്രിസഭയിൽ ഇരുവരും മന്ത്രിയായി. ഇരുവരുടെയും താത്പര്യമറിഞ്ഞ് തൊട്ടടുത്തുള്ള മന്ദിരം നൽകി. സാനഡുവിൽ ഗൗരിയും റോസ് ഹൗസിൽ ടി.വി.യും. ഇരുവീടിനുമിടയിൽ ഒരു ചെറുവഴിയും.

പ്രണയം മൂത്തതറിഞ്ഞ് പാർട്ടി മുൻകൈയെടുത്ത് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവിൽവെച്ച് വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റിൽ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാൻ ഒരു കാറിൽ ഒരുവീട്ടിൽ. പലതരത്തിൽ, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തർക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധം പിളർപ്പില്ലാതെ തുടർന്നു.

1964-ൽ ഇരുവരും പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത പാർട്ടിയിലായി. 1967-ൽ രണ്ടുപാർട്ടിയും ഒരുമിച്ചുള്ള മന്ത്രിസഭയിൽ ചേരാൻ ആലപ്പുഴയിലെ വീട്ടിൽനിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത്. പക്ഷേ, സി.പി.ഐ-സി.പി.എം. പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളൽ വീണു. പക്ഷേ, പ്രണയത്തിന്റെ കിളിവാതിൽ ഒരിക്കലും അടഞ്ഞില്ല.

Related posts

കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Vinod

സജി ചെറിയാൻ ഫിഷറീസ് & സാംസ്കാരിക വകുപ്പ് മന്ത്രിയായി ചുമതല ഏൽക്കും

Vinod

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തു​റ​ന്നു ന​ൽ​കി

Vinod